മഞ്ചേരി: കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെ കൊലക്കേസ് പ്രതിയെ അമിത അളവിൽ ഗുളിക കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാണ്ടിക്കാട് ഹൈസ്കൂൾപ്പടി കണ്ണത്തുവീട്ടിൽ ഷാജിയെയാണ് (41) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒളമതിൽ ചോലക്കൽ വീട്ടിൽ എം.സി. കബീർ (47) കൊലക്കേസിലെ പ്രതിയായ ഷാജി ജാമ്യത്തിലായിരുന്നു. എടവണ്ണയിലെ ഭാര്യവീട്ടിൽ ഷാജി തനിച്ചായിരുന്നു. പലതവണ ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ഭാര്യ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഷാജിയെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെ യാണ് സംഭവം. ഷാജി വർഷങ്ങളായി മാനസികരോഗത്തിനുള്ള ഗുളിക കഴിക്കുന്നുണ്ടെന്ന് ബന്ധുക്കൾ. പ്രതി ആശുപത്രിയിലായതോടെ കേസ് പരിഗണിക്കുന്നത് കോടതി മാറ്റി.
2022 ൽ യുവാവിനെ മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കബീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്താത്തതിനാൽ സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉദരത്തിനേറ്റ ആഘാതം മൂലം ആന്തരികാവയവങ്ങളിലുണ്ടായ പരിക്കും രക്തസ്രാവവുമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പാണ്ടിക്കാട് കണ്ണച്ചത്ത് വീട്ടിൽ ഷാജി (40) പിടിയിലാകുന്നത്.
രാത്രി മഞ്ചേരിയിലെ സ്വകാര്യ ബാറിൽ വച്ചാണ് കബീറും പ്രതിയും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പുറത്തിറങ്ങുകയും പ്രതിയുടെ ബൈക്കിൽ കബീറിന്റെ കാർ നിർത്തിയിട്ട സ്ഥലത്തേക്ക് വരികയുമായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന അഹമ്മദ് കബീറിനെ ഒഴിഞ്ഞ പറമ്പിൽ വച്ച് അടിച്ചു വീഴ്ത്തുകയും നിലത്ത് വീണ കബീറിനെ നിരവധി തവണ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട അഹമ്മദ് കബീറിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചാക്കി പ്രതി തന്റെ സ്കൂട്ടറിൽ രക്ഷപ്പെടുകയാണ് ഉണ്ടായത്. ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ്, രക്തം വാർന്നു നേരം പുലർന്നപ്പോഴേക്കും മരണപെട്ടിരുന്നു.
തുടർന്നു രാവിലെ പ്രതി സംഭവസ്ഥലത്ത് എത്തി നോക്കിയതിൽ കബീർ മരിച്ചതായി മനസ്സിലായെങ്കിലും സംഭവം ആരോടും പറയാതെ ഒളിപ്പിച്ചു വെക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ഊർജിതമാക്കുകയും സിസിടിവി കേന്ദ്രീകരിച്ചും മറ്റു നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയും ചെയ്തു.
Comments are closed.