റീ-എന്‍ട്രി തീര്‍ന്നവര്‍ക്കുള്ള വിലക്ക് നീക്കി; സൗദിയിലേക്ക് പ്രവേശനാനുമതി

ജിദ്ദ: റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ തീരുമാനിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് വിവിധ പ്രവിശ്യകളിലെയും എയര്‍പോര്‍ട്ടുകളിലെയും തുറമുഖങ്ങളിലെയും കരാതിര്‍ത്തി പോസ്റ്റുകളിലെയും ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളെയും അറിയിച്ചതായി അല്‍വതന്‍ റിപ്പോര്‍ട്ട് ചെയ്തു.റീ-എന്‍ട്രിയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയി വിസാ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരികെ പ്രവേശിക്കാത്ത വിദേശ തൊഴിലാളികള്‍ക്ക് ഇതുവരെ മൂന്നു വര്‍ഷത്തെ പ്രവേശന വിലക്കുണ്ടായിരുന്നു. റീ-എന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കുകയാണ് ജവാസാത്ത് ചെയ്തിരിക്കുന്നത്. ഇത് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു.വ്യവസായികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റീ-എന്‍ട്രി കാലാവധിയില്‍ തിരിച്ചുവരാത്തവര്‍ക്ക് നേരത്തെ ജവാസാത്ത് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നത്. റീ-എന്‍ട്രി കാലാവധിയില്‍ തൊഴിലാളികള്‍ തിരിച്ചുവരാത്തത് സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പലവിധ കഷ്ടനഷ്ടങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തണമെന്ന് വ്യവസായികള്‍ നേരത്തെ ആവശ്യപ്പെട്ടത്.

റീ-എന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്ക് മുമ്പ് പ്രവേശന വിലക്കുണ്ടായിരുന്നില്ല. ഇത്തരക്കാര്‍ക്ക് മുമ്പ് സ്‌പോണ്‍സര്‍മാര്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് സംഘടിപ്പിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ഇഖാമ കാലാവധിക്കുള്ളില്‍ വിദേശങ്ങളിലെ സൗദി എംബസികള്‍ പുതിയ എന്‍ട്രി വിസ സ്റ്റാമ്പ് ചെയ്തുകൊടുത്തിരുന്നു. മുമ്പ് വിദേശങ്ങളിലുള്ളവരുടെ റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാനും മാര്‍ഗമില്ലായിരുന്നു. ഇപ്പോള്‍ വിദേശങ്ങളിലുള്ളവരുടെ റീ-എന്‍ട്രി ഓണ്‍ലൈന്‍ ആയി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും.റീ എന്‍ട്രിയില്‍ മടങ്ങാത്തവര്‍ക്ക് വേറെ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് ഇതുവരെ വിലക്കുണ്ടായിരുന്നത്. അതേ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ പ്രവേശനം അനുവദിച്ചിരുന്നു.

അസുഖവും മറ്റു അടിയന്തിര സാഹചര്യങ്ങളും കാരണം തിരികെ വരാന്‍ കഴിയാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ സ്‌പോണ്‍സര്‍മാര്‍ വിദേശ മന്ത്രാലയത്തില്‍ നിന്ന് സംഘടിപ്പിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ റീ-എന്‍ട്രി കാലാവധി തീര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങുന്നവര്‍ക്ക് ഇഖാമ കാലാവധിയില്‍ പുതിയ എന്‍ട്രി വിസ എംബസികളും കോണ്‍സുലേറ്റുകളും സ്റ്റാമ്പ് ചെയ്ത് നല്‍കിയിരുന്നു.

Comments are closed.