മദ്യപിച്ചു പോലീസ് ജീപ്പ് ഓടിച്ചു അപകടം: മലപ്പുറം എ എസ് ഐക്കെതിരെ നടപടി വരും

മലപ്പുറം: മദ്യപിച്ച്‌ ലക്ക് കെട്ട് പൊലീസ് ജീപ്പ് ഓടിച്ച്‌ കാറില്‍ ഇടിച്ച സംഭവത്തില്‍ മലപ്പുറം എഎസ്‌ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം മക്കരപ്പറമ്പിലാണ് സംഭവം. മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെതിരെ മങ്കട പൊലീസ് കേസ് എടുത്തത്. ഇന്നലെ രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഇയാള്‍ ഓടിച്ചിരുന്ന പൊലീസ് ജീപ്പ് മക്കരപ്പറമ്പ് ഭാഗത്തുനിന്ന് വന്ന ഒരു കാറില്‍ ഇടിക്കുകയായിരുന്നു. തുടർന്നും നിർത്താതെ പോയ ജീപ്പ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ഈ സമയത്തായിരുന്നു മദ്യപിച്ച നിലയില്‍ എഎസ്‌ഐയെ ഡ്രൈവർ സീറ്റില്‍ നിന്നും കണ്ടത്.

നാട്ടുകാർ ഇയാളില്‍ നിന്നും പലകാര്യങ്ങളും അന്വേഷിച്ച്‌ അറിയാൻ ശ്രമിച്ചിരുന്നെങ്കിലും മദ്യലഹരിയില്‍ ആയിരുന്ന ഉദ്യോഗസ്ഥന് കൃത്യമായി ഒന്നും പറയാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാർ ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏത് സ്റ്റേഷനിലെ വാഹനമാണെന്ന് ഉദ്യോഗസ്ഥനോട് നാട്ടുകാർ ചോദിച്ചേങ്കിലും അദ്ദേഹം മറുപടി പറയാത്തത് വീഡിയോയില്‍ വ്യക്തമായി കാണാൻ സാധിക്കും.

തുടർന്ന് വിവരമറിഞ്ഞ് മങ്കട പൊലീസ് സംഭവസ്ഥലത്തേക്ക് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധന പൂർത്തിയാക്കി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി വരാൻ സാധ്യത ഉണ്ട്.

വാഹനാപകടങ്ങള്‍ പതിവായതോടെ ജില്ലയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടിയാണ് നടത്തി വരുന്നത്. ഇതിനിടെയാണ് മദ്യപിച്ചെത്തിയ പൊലീസുകാരനെ നാട്ടുകാർ തന്നെ കൈയോടെ പൊക്കിയത്.

Comments are closed.