കോഴിക്കോട്: കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ പൊലീസ് കുറ്റപത്രം നൽകി. കോഴിക്കോട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസബ പോലീസ് കുറ്റപത്രം നൽകിയത്. നാല് പ്രതികൾക്ക് എതിരെയാണ് കുറ്റപത്രം. ഒന്നാം പ്രതി താനൂർ കുന്നും പുറo സ്വദേശി സമദ് (52) രണ്ടാം പ്രതി ഗൂഡല്ലൂർ പെരിയ നഗർ ഓവാലി സ്വദേശി സൈനുൽ ആബിദ് എന്ന സുലൈമാൻ (40) എന്നിവർക്കെതിരെ കൊലപാതകം, ആസൂത്രണം, തട്ടിക്കൊണ്ട് പോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മൂന്നും നാലും പ്രതികളായ ഗൂഡല്ലൂർ തുണ്ടത്തിൽ സ്വദേശി ശരത് (28), വയനാട് വെള്ളാരംകുന്ന് സ്വദേശി നിയാസ് എന്നിവർക്കെതിരെ മോഷ്ടിച്ച സ്വർണ്ണം ഉപയോഗിച്ചതാണ് കുറ്റം. നിയാസിന്റെ സുഹൃത്ത് നജിമുദ്ദീനെ പിടികൂടാനുണ്ട്. ഇയാൾക്കെതിരെ പ്രത്യേക കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് കോടതിയിൽ സത്യവാങ്ങ്മൂലം നൽകി.128 സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. 940 പേജുള്ളതാണ് കുറ്റപത്രം. സംഭവം നടന്ന് 85-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ മുഖ്യപ്രതി സമദ് കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ മൃതദേഹം തള്ളിയെന്നാണ് കേസ്. സമദ് തന്നെയാണ് ഇക്കാര്യം കോഴിക്കോട് കസബ പൊലീസിൽ നേരിട്ടെത്തി മൊഴി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ നവംബർ 7നാണ് മുക്കത്തിനടുത്ത് സൈനബയെ കൊലപ്പെടുത്തിയത്.നവംബർ ഏഴാം തീയതിയാണ് സൈനബയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് സൈനബ കൊല്ലപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി സമദ് രംഗത്തെത്തിയത്. യാത്ര പോകാനെന്ന വ്യാജേനെ സൈനബയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി എന്നാണ് സമദ് വ്യക്തമാക്കിയത്. സൈനബയെ സമദും സുലൈമാനും കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സുലൈമാൻ്റെ വീട്ടിൽ കയറണമെന്ന് പറഞ്ഞ് മുക്കം വഴി പോകുകയും അവിടെ എത്തിയപ്പോൾ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്നേദിവസം രാത്രിയോടെ മൃതദേഹം കൊണ്ടുപോയി കൊക്കയിൽ തള്ളുകയായിരുന്നു എന്നും മൊഴിയിലുണ്ട്.
Comments are closed.