അങ്ങാടിപ്പുറം: പാസഞ്ചർ, മെമു ട്രെയിനുകളിൽ കുറഞ്ഞ നിരക്കിലുള്ള ഓർഡിനറി ടിക്കറ്റുകൾ പുനഃസ്ഥാപിച്ച് റെയിൽവേ. ‘എക്സ്പ്രസ് സ്പെഷൽ’ എന്ന പേരിലാണ് പാസഞ്ചർ, മെമു ട്രെയിനുകൾ സർവീസ് നടത്തുന്നത്. സമയക്രമവും സ്റ്റോപ്പുകളും പഴയ പാസഞ്ചർ ട്രെയിനുകളുടേതു തന്നെയാണെങ്കിലും പേരുമാറ്റത്തോടെ നിരക്ക് എക്സ്പ്രസ് ട്രെയിനിനു തുല്യമായിരുന്നു. കോവിഡിനു മുൻപ് പാസഞ്ചറുകളായി ഓടിയ മുഴുവൻ ട്രെയിനുകളിലും മെമു ട്രെയിനുകളിലുമാണ് ഓർഡിനറി ടിക്കറ്റ് നിരക്ക് പുനഃസ്ഥാപിച്ചത്.
ഷൊർണൂർ– നിലമ്പൂർ പാതയിൽ ട്രെയിനുകൾക്ക് വീണ്ടും മിനിമം ചാർജ് 10 രൂപയാകും. ഈ റൂട്ടിൽ ഇന്നലെത്തന്നെ ചിലയിടങ്ങളിൽ എവിടിഎം മെഷീൻ വഴി 10 രൂപയുടെ മിനിമം ചാർജാണ് ഈടാക്കിയത്.
തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി, എക്‌സ്‌പ്രസ് ട്രെയിനായതിനാൽ നിരക്കിൽ മാറ്റമില്ല. നിലമ്പൂർ– കോട്ടയം എക്‌സ്പ്രസിന്റെ നിരക്കിൽ വ്യക്തതയായിട്ടില്ല. നിലമ്പൂർ– ഷൊർണൂർ റൂട്ടിലെ മറ്റെല്ലാ ട്രെയിനുകൾക്കും നിരക്കിളവ് ബാധകമാണ്.
മൊബൈൽ ഫോൺ വഴി ടിക്കറ്റ് എടുക്കാനുള്ള അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റത്തിൽ (യുടിഎസ് ആപ്) കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ലഭ്യമായിത്തുടങ്ങി. റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ അടുത്ത ദിവസങ്ങളിൽ ഓർഡിനറി ടിക്കറ്റ് ലഭിച്ച് തുടങ്ങും.
Comments are closed.