അപകടത്തിൽ മഞ്ചേരി സ്വദേശിക്ക് പരിക്ക്: നടൻ സുരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തേക്കും

കാക്കനാട്: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ജൂലൈ 29ന് രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് എംവിഡിയുടെ നടപടി.

 

അന്ന് സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.

 

അപകടത്തിൽ പാലാരിവട്ടം പൊലീസ് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ആ കേസ് മോട്ടർ വാഹന വകുപ്പിനു കൈമാറുകയായിരുന്നു. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു.

ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു,

ഈ നോട്ടീസിൽ സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുന്നത്.

Comments are closed.