പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മർദനം; സഹോദരങ്ങളുടെ പരാതിയിൽ ഡ്രൈവറുടെയും സ്റ്റേഷൻ മാസ്റ്ററുടെയും പേരിൽ കേസെടുത്തു
പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ബസിനെ കാറിൽ പിന്തുടർന്നെത്തി ഡിപ്പോയിൽക്കയറി ഡ്രൈവറെ മർദിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ സഹോദരങ്ങളുടെ പരാതിയിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെയും സ്റ്റേഷൻ മാസ്റ്ററുടെയും പേരിൽ പോലീസ് കേസെടുത്തു. പ്രതികളായ ചെറുകര പാറക്കൽ മുഹമ്മദ് ഷാഹിദ് (30), മുഹമ്മദ് ഷഹീൻ (32) എന്നിവരുടെ പരാതിയിലാണ് കേസ്. കോടതി മുഖേനയാണ് പരാതി ലഭിച്ചത്. ഇപ്പോൾ എടുത്തിരിക്കുന്നത് കൗണ്ടർ കേസാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ട് മണിയോടെ സഹോദരങ്ങൾ പെരിന്തൽമണ്ണയിൽ നിന്നും ചെറുകരയിലേക്ക് കാറിൽ പോകുമ്പോൾ പെരിന്തൽമണ്ണയിൽ വെച്ച് അശ്രദ്ധമായും മനുഷ്യജീവന് അപായം വരത്തക്കവിധത്തിലും ഓടിച്ചുവന്ന ബസ് ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതേപ്പറ്റി പരാതിനൽകാൻ പെരിന്തൽമണ്ണ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽച്ചെന്ന് അപകടത്തെപ്പറ്റി സംസാരിക്കുന്നതിനിടെ ഡ്രൈവറും സ്റ്റേഷൻ മാസ്റ്ററും തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പരിക്കേറ്റ കെ.എസ്.ആർ.ടി.സി. ഡ്രൈവർ എം.സി. പ്രദീപിന്റെ പരാതിയിൽ കേസെടുത്ത പോലീസ് സഹോദരങ്ങളെ അറസ്റ്റുചെയ്തിരുന്നു. റിമാൻഡിലായ ഇവർക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.
Comments are closed.