ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; 212 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

തൃശൂർ: ‘ഹൈറിച്ച്’ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ കമ്പനി ഉടമകളുടെ സ്വത്തുക്കൾ കണ്ടെുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 212 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടെടുത്തിരിക്കുന്നത്.

കമ്പനി ഉടമ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ കേസിൽ പ്രതിചേർത്തിരുന്നു. നൂറുകോടിയിലധികം രൂപയുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഹൈറിച്ച് ഉടമകൾക്കെതിരായ ഇഡി കേസ്.

മണിചെയിൻ മാതൃകയിലുളള സാമ്പത്തിക ഇടപാടു വഴി കളളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.

ഹൈറിച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തൃശൂർ അഡിഷണൽ സെഷൻസ് കോടതിയിൽ ചേർപ്പ് എസ്‌ഐ റിപ്പോർട്ട് സമർപ്പിച്ചു.

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഹൈറിച്ചിന് രാജ്യത്താകമനം 680 ഷോപ്പുകളുണ്ടെന്നും 1.63 കോടി ഉപഭോക്താക്കൾ ഉണ്ടെന്നും കണ്ടെത്തലുണ്ട്.

പ്രതാപനും ഭാര്യയും ഒളിവിലാണ്. പ്രതികൾ നൽകിയ മുൻകൂ‍ർ ജാമ്യാപേക്ഷ ഈ മാസം 30ന് കൊച്ചിയിലെ കോടതി പരിഗണിക്കും. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരാണ് കഴിഞ്ഞ ദിവസം വീട്ടിൽ ഇഡി റെയിഡിനെത്തുന്നതിന് തൊട്ടു മുമ്പ് ജീപ്പിൽ ഡ്രൈവർക്കൊപ്പം രക്ഷപ്പെട്ടത്.

Comments are closed.