കരുവാരക്കുണ്ടിൽ വാഹനാപകടത്തിൽ ഉമ്മയും മകനും മരിച്ച സംഭവം; മദ്യ ലഹരിയിൽ കാർ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

കരുവാരക്കുണ്ട്: കരുവാരകുണ്ട് ഇരിങ്ങാട്ടിരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഉമ്മയും മകനും മരിച്ച സംഭവത്തില്‍ കാർ ഡ്രൈവർ അറസ്റ്റില്‍. പുന്നക്കാട് സ്വദേശി പറവെട്ടി ജുനൈസി (37)നെയാണ് മനപ്പൂർവമായ നരഹത്യ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി ഇരിങ്ങാട്ടിരി നിലംപതിയില്‍ വച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ പൊട്ടൻ തൊടിക ഫാത്തിമ, മകൻ സനൂഫ് എന്നിവർ മരണപ്പെട്ടിരുന്നു. കാർ ഓടിച്ചിരുന്ന ജുനൈസ് മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മദ്യം ഉപയോഗിച്ച്‌ വാഹനം ഓടിക്കുകയും രണ്ട് പേരുടെ മരണത്തിന് കാരണക്കാരനുമായ ജുനൈസിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം നാട്ടുകാർ ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനില്‍ എത്തി.

മനപ്പൂർവ്വമായ നരഹത്യക്ക് കേസെടുക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതേ വകുപ്പാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്. തുടർന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments are closed.