പഴയ ബസ് സ്റ്റാൻഡ് പൊളിക്കുന്നു; മഞ്ചേരിയില്‍ ഫെബ്രുവരി ആറുമുതല്‍ ഗതാഗത പരിഷ്കാരം

മഞ്ചേരി: മഞ്ചേരിയില്‍ ഫെബ്രുവരി ആറുമുതല്‍ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം. പൊളിച്ച്‌ പുതിയത് നിർമിക്കുന്നതിനായി പഴയ ബസ് സ്റ്റാൻഡ് അടക്കുന്നതോടെയാണ് പരിഷ്കാരത്തിനൊരുങ്ങുന്നത്.

ഒപ്പം കച്ചേരിപ്പടി സ്റ്റാൻഡ് സജീവമാക്കുക കൂടിയാണ് ലക്ഷ്യം. ആനക്കയം ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് വരുന്നതും തിരിച്ച്‌ ആനക്കയം ഭാഗത്തേക്ക് പോകേണ്ടതുമായ മുഴുവൻ ബസുകളും ഇന്ദിരാഗാന്ധി ബസ് ടെർമിനലില്‍ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുക.

ഈ ബസുകള്‍ക്ക് നഗരത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല. നേരത്തെ ഈ പരിഷ്കാരം നടപ്പാക്കിയിരുന്നെങ്കിലും ബസുടമകളുടെയും ജീവനക്കാരുടെയും എതിർപ്പ് മൂലം നിർത്തിവെക്കേണ്ടി വന്നു. മലപ്പുറം ഭാഗത്തുനിന്ന് നെല്ലിപ്പറമ്പ, പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഐ.ജി.ബി.ടി സ്റ്റാൻഡില്‍ കയറി തുറക്കല്‍ ബാപ്പുട്ടി ബൈപാസ് വഴി കോഴിക്കോട് റോഡില്‍ മുനിസിപ്പല്‍ ഓഫിസ് വഴി സീതിഹാജി സ്റ്റാൻഡിലെത്തി അവിടെ നിന്ന് സർവീസ് നടത്തണം.

പാണ്ടിക്കാട് ഭാഗത്തുനിന്ന് ആനക്കയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സീതിഹാജി സ്റ്റാൻഡില്‍ കയറി പാണ്ടിക്കാട് റോഡ് – മലപ്പുറം റോഡിലൂടെ ഐ.ജി.ബി.ടിയില്‍ ക‍യറി സർവീസ് നടത്തണം. സീതിഹാജി സ്റ്റാൻഡില്‍നിന്ന് യാത്രക്കാരെ കയറ്റുന്ന ബസുകള്‍ പിന്നീട് ആശുപത്രിപ്പടിയില്‍നിന്ന് മാത്രമേ യാത്രക്കാരെ ക‍യറ്റാവൂ. സെൻട്രല്‍ ജങ്ഷനിലോ ഓജസ് ബേക്കറിക്ക് മുന്നിലോ നിർത്തി യാത്രക്കാരെ കയറ്റാൻ പാടില്ല.

മറ്റു പരിഷ്കാരങ്ങള്‍

  1. മഞ്ചേരിയില്‍നിന്ന് കിഴിശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സീതിഹാജി സ്റ്റാൻഡില്‍നിന്ന് പാണ്ടിക്കാട് റോഡ് -മലപ്പുറം റോഡ് വഴി ഐ.ജി.ബി.ടിയിലെത്തി തുറക്കല്‍ ബാപ്പുട്ടി ബൈപാസ് വഴി കിഴിശ്ശേരിയിലേക്ക് സർവിസ് നടത്തണം.
  2. കിഴിശ്ശേരിയില്‍ നിന്ന് മഞ്ചേരിയിലേക്ക് വരുന്ന ബസുകള്‍ കോഴിക്കോട് റോഡ് തുറക്കല്‍ -മുനിസിപ്പല്‍ ഓഫിസ് വഴി സീതി ഹാജി സ്റ്റാൻഡില്‍ എത്തണം.
  3. നെല്ലിപ്പറമ്പ് ഭാഗത്തുനിന്ന് ആനക്കയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സി.എച്ച്‌ ബൈപാസ് വഴി സീതിഹാജി സ്റ്റാൻഡില്‍ കയറി പാണ്ടിക്കാട് റോഡ് – മലപ്പുറം റോഡ് വഴി ഐ.ജി.ബി.ടിയിലെത്തി സർവിസ് നടത്തണം.
  4. വേട്ടേക്കോട് ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് വരുന്ന ബസുകള്‍ ഐ.ജി.ബി.ടി സ്റ്റാൻഡില്‍ കയറി തുറക്കല്‍ ബാപ്പുട്ടി ബൈപാസ് – മുനിസിപ്പല്‍ ഓഫിസ് വഴി സീതിഹാജി സ്റ്റാൻഡില്‍ എത്തണം.
  5. വേട്ടേക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സീതി ഹാജി സ്റ്റാൻഡില്‍നിന്ന് പാണ്ടിക്കാട് റോഡ് – മലപ്പുറം റോഡ് വഴി ഐ.ജി.ബി.ടി സ്റ്റാൻഡില്‍ ക‍യറി സർവിസ് നടത്തണം.
  6. പൂക്കോട്ടൂരില്‍നിന്ന് മഞ്ചേരിയിലേക്ക് വരുന്ന ബസുകള്‍ ഐ.ജി.ബി.ടി സ്റ്റാൻഡില്‍ കയറി തുറക്കല്‍ ബാപ്പുട്ടി ബൈപാസ് വഴി കോഴിക്കോട് റോഡിലൂടെ മുനിസിപ്പല്‍ ഓഫിസ് വഴി സീതിഹാജി സ്റ്റാൻഡില്‍ എത്തണം. തിരിച്ച്‌ പൂക്കോട്ടൂരിലേക്കുള്ള വാഹനങ്ങള്‍ മലപ്പുറം റോഡ് വഴി ഐ.ജി.ബി.ടിയില്‍ പ്രവേശിച്ച്‌ ബാപ്പുട്ടി ബൈപാസ് വഴി പോകണം.

Comments are closed.