മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ വൊളന്റിയർമാരുടെ പ്രവർത്തനം നിയന്ത്രിക്കും

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലും മറ്റും സേവനംചെയ്യുന്ന ഹെൽത്ത് വൊളന്റിയർമാരുടെ പ്രവർത്തനം നിയന്ത്രിക്കാൻ തീരുമാനം.

വൊളന്റിയർമാരിൽ ചിലർക്കെതിരേ രോഗികൾ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ഇവരുടെ സേവനം പരിമിതപ്പെടുത്താൻ ആശുപത്രി അധികൃതർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നിലവിലുള്ള വൊളന്റിയർമാരുടെ എണ്ണം കുറയ്ക്കും. അടിയന്തര ഘട്ടങ്ങളിലൊഴികെ എല്ലാകാര്യങ്ങളിലും ഇവരുടെ സഹായംതേടില്ല.

വൊളന്റിയർമാർക്കുമേൽ നിലവിൽ ആശുപത്രി അധികൃതർക്ക് യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. ഇവർ അവരുടെ ഇഷ്ട്‌ടാനുസരണം സേവനംചെയ്തുതുവരുകയായിരുന്നു. ഇക്കാര്യത്തിലും മാറ്റംവരും.

നിലവിൽ അത്യാഹിതവിഭാഗം കേന്ദ്രീകരിച്ച് വിവിധ സംഘടനകളുടെ മുപ്പതോളം വൊളന്റിയർമാരാണ് സേവനംചെയ്യുന്നത്.

സ്കാനിങ്ങിനും വാർഡുകളിലേക്കും മറ്റും രോഗികളെ ഇവിടെനിന്നു മാറ്റുമ്പോൾ സഹായിക്കുന്നത് ഇവരാണ്. ഇത് പലതരത്തിലുള്ള പരാതികൾക്കിടയാക്കി. വൊളന്റിയർമാരിൽ പലരുടെയും ബന്ധുക്കളും സ്വന്തക്കാരും സ്വാധീനമുപയോഗിച്ച് നിയന്ത്രണങ്ങൾ മറികടന്ന് ആശുപത്രിയിലെ ലാബ്, ഫാർമസി സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയർന്നു. രോഗികളെ വിവിധയിടങ്ങളിലേക്കു മാറ്റേണ്ട ചുമതലയുള്ള ആശുപത്രി ജീവനക്കാർ വൊളന്റിയർമാരെ ചുമതലപ്പെടുത്തി മുങ്ങുന്നതായും കണ്ടെത്തി.

ഈയിടെ അത്യാഹിതവിഭാഗത്തിൽവന്ന രോഗിയുടെ സ്വർണാഭരണം നഷ്ട‌പ്പെട്ടിരുന്നു. രോഗിയായ സ്ത്രീയോട് വൊളന്റിയർ അപമര്യാദയായി പെരുമാറിയ സംഭവവുമുണ്ടായി. ഈ സാഹചര്യത്തിലാണ് വൊളൻ്റിയർമാരെ നിയന്ത്രിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇനിമുതൽ അത്യാഹിതവിഭാഗത്തിൽ സേവനത്തിനായി രണ്ടോ മൂന്നോ വൊളന്റിയർമാരെ മാത്രമാകും അനുവദിക്കുക. ഇവർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കി. ഇവർ ആശുപത്രിയിലെത്തിയാൽ പോലീസ് എയ്ഡ്പോസ്റ്റിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവെക്കണം. ഏതുഭാഗത്താണ് ഡ്യൂട്ടി ചെയ്യുന്നതെന്ന വിവരങ്ങളും രജിസ്റ്ററിൽ ചേർക്കണം. രോഗികളായ സ്ത്രീകളുടെ സഹായികളാകാൻ ഇവരെ അനുവദിക്കില്ല. അത്യാഹിതവിഭാഗത്തിലെ ജീവനക്കാർക്കു മാത്രമായിരിക്കും ഇതിന്റെ ചുമതല.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

Comments are closed.