മലപ്പുറം: നാളെ (ഡിസംബർ – 31) രാത്രി പത്ത് മണിക്ക് ശേഷം ബാർ, ബീയർ / വൈൻ പാർലറുകൾ, കള്ളുഷാപ്പുകൾ എന്നിവയുടെ പ്രവർത്തനവും പടക്ക വിൽപ്പനയും കർശനമായി തടയാൻ പൊലീസ്. മുൻകൂർ അനുമതി വാങ്ങാതെയുള്ള ഉയർന്ന ശബ്ദ സംവിധാനങ്ങളും ഡിജെ പാർട്ടികളും അനുവദിക്കില്ല. സുരക്ഷയ്ക്കായി ജില്ലയിൽ 1500 പൊലീസുകാരെയും വിന്യസിക്കും. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നേതൃത്വത്തിൽ ആറ് സബ് ഡിവിഷൻ ഡിവൈഎസ്പിമാർ, ഇൻസ്പെക്ടർമാർ, എസ്ഐമാർ ഉൾപ്പെടെയുള്ള സംഘത്തെയാണ് വിന്യസിക്കുക.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയാൻ പ്രത്യേക സംഘത്തെയും പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘത്തെയും നിയോഗിക്കും. പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസിന്റെ സാന്നിധ്യവും ഉണ്ടാകും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടം അനുവദിക്കില്ല. പൊതുനിരത്തുകളിൽ ആഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും.
മാറ്റം വരുത്തിയ വാഹനങ്ങൾ, ശബ്ദം ഉണ്ടാകുന്ന മോട്ടർ സൈക്കിളുകൾ എന്നിവയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. ഇരുചക്രവാഹന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും. ജില്ലയിലേക്കുള്ള ലഹരിക്കടത്ത് തടയാനും ലഹരി ഉപയോഗം ഇല്ലാതാക്കാനുമായി അതിർത്തി പ്രദേശങ്ങളിലും പ്രധാന റോഡുകളിലും പൊലീസിന്റെ കർശന പരിശോധന ഉണ്ടാകും.
അതേസമയം പുതുവത്സരത്തോട് അനുബന്ധിച്ചു ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണം ശക്തമാക്കി. പൊതു സ്ഥലങ്ങളിലെ ലഹരി ഉപയോഗം തടയാനും നിരോധിത ലഹരി മരുന്നുകളുടെ വിൽപന, ഉപയോഗം എന്നിവ കണ്ടെത്താനും പരിശോധന ഊർജിതമാക്കി. ബസ് സ്റ്റാൻഡുകൾ, പ്രധാന റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ് ശക്തമാക്കാൻ നിർദേശം നൽകി.
Comments are closed.