ഖാസി ഫൗണ്ടേഷൻ: മഹല്ല് പ്രചാരണ ബോർഡുകളിൽ പാണക്കാട് തങ്ങൻമാരുടെ ഫോട്ടോ വെക്കണമെന്ന് നിർദേശം

കൽപ്പറ്റ: സമുദായവിഷയങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്താൻ ഖാസി ഫൗണ്ടേഷനുമായി പാണക്കാട് കുടുംബം. പാണക്കാട് കുടുംബത്തിന്റെ മുസ്‌ലിംസമുദായ നേതൃത്വമെന്ന പ്രാധാന്യം ചോദ്യംചെയ്തുകൊണ്ട് സമസ്തയിലെ രണ്ടാംനേതൃനിരയിലുള്ള ചിലരുടെ ഭാഗത്തുനിന്നടക്കം നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഫൗണ്ടേഷൻ രൂപവത്കരിക്കുന്നത്. പാണക്കാട് കുടുംബവും മുസ്‌ലിം ലീഗുമായും പരമ്പരാഗതമായി ആഭിമുഖ്യമുള്ള സമസ്തയിലെ പണ്ഡിതരായിരിക്കും ഫൗണ്ടേഷന്റെ ഭാഗമായി പ്രവർത്തിക്കുകയെന്നാണ് സൂചന.

പാണക്കാട്ടെ തങ്ങൻമാർ ഖാസിമാരായ മഹല്ലുകളിലെ ഭാരവാഹികളുടെ നേതൃ സംഗമം അടുത്ത മാസം 17ന് കോഴിക്കോട്ട് ചേരാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മഹല്ലുകളിൽ വിപുലമായ പ്രചാരണം നടത്താൻ ലീഗ് അനുകൂല ഇ കെ വിഭാഗം നേതാക്കൾ മഹല്ല് ഭാരവാഹികൾക്ക് നിർദേശം നൽകി. മഹല്ലുകളിൽ സംഗമത്തിന്റെ പ്രചാരണ ബോർഡുകൾ വെക്കണമെന്നും ഇതിൽ മഹല്ലിന്റെ പേരിനൊപ്പം പാണക്കാട് തങ്ങൻമാരുടെ ഫോട്ടോയും ഉണ്ടായിരിക്കണമെന്നുമാണ് നിർദേശം.

പാണക്കാട് തങ്ങൾ ഖാസി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മഹല്ല് നേതൃസംഗമം ഫെബ്രുവരി 17ന് മർഹൂം പി എം എസ് എ പൂക്കോയ തങ്ങൾ നഗർ (സരോവരം-കോഴിക്കോട്) ചേരും എന്നാണ് പ്രചാരണ ബോർഡിൽ വെക്കേണ്ടത്. മഹല്ല് പ്രതിനിധികളായി പത്തിൽ കുറയാത്ത ആളുകൾ പങ്കെടുക്കണമെന്നും സർക്കുലറിൽ പറയുന്നു.ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികളും ഖാസി ഫൗണ്ടേഷൻ രൂപവത്കരണ കമ്മിറ്റിയുടെ സ്വാഗതസംഘം ഭാരവാഹികളുമായ എം സി മായിൻ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, പി സി ഇബ്റാഹീം ഹാജി കമ്പളക്കാട് എന്നിവരുടെ പേരിലാണ് സർക്കുലർ.

Comments are closed.